Wednesday, 29 September 2010

കിണറ്റിൻകരയിലെ ചെമ്പരത്തി

           എന്റെ കുടുംബ വീട്ടിലെ കിണറ്റിൻകരയിൽ ഒരു ചെമ്പരത്തിമരം ഉണ്ട്. സാധരണ ചെമ്പരത്തിയല്ല, നല്ല റോസ് നിറത്തിലുള്ള വലിയ പൂക്കളുള്ള ചെമ്പരത്തിമരം. ഞാൻ കാണുന്ന അന്നുമുതൽ അതിനു ഒരേ രൂപമാണു. ഒരു ആറര അടി പൊക്കം ഉണ്ട്, നല്ല ബലമുള്ള തടി, താഴെ ശിഖരങ്ങളൊന്നുമുല്ല, മുകളിൽ രണ്ട് ശിഖരം മാത്രം. ഒരുപാട് പൂക്കളൊന്നുമില്ല, എന്നാലും ദിവസവും മൂന്ന് നാല് പൂക്കൾ കാണും. എല്ലാ ദിവസവും വൈകീട്ട് വിളക്കിൽ വയ്ക്കാൻ അമ്മാമ അതു പറിച്ചെടുക്കയും ചെയ്യും. അമ്മാമ എന്നാൽ അമ്മയുടെ അമ്മ അല്ലാട്ടൊ, അച്ഛന്റെ അമ്മയേയും ഞാൻ അമ്മാമ എന്നാണു വിളിക്കുന്നതു, അതു അങ്ങനെയങ്ങ് ശീലിച്ചുപോയി.
          എന്നും അമ്മ തുണി അലക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഞാനും കൂടെ പോകും. അലക്കിതീരുന്നതുവരെ ഞാൻ ആ ചെമ്പരത്തിയുടെ മുകളിലായിരിക്കും. ആ ചെമ്പരത്തി എന്റെ മാത്രം വകയായിരുന്നു. വേറെ ആർക്കും അതിൽ കയറാൻ അമ്മാമ അനുവാദം നൽകിയിട്ടില്ല. ഞങ്ങൾ മാത്രമല്ല, എന്റെ വീടിനടുത്തുള്ള എല്ലാ വീട്ടിലെ പെണ്ണുങ്ങളും തുണി അലക്കും വെള്ളമെടുക്കലും ഒക്കെ ഈ കിണറ്റിൽ നിന്നുതന്നെയാണു.
          ഒരു ദിവസം അമ്മയും ഞാനും തുണിയലക്കാൻ കിണറ്റിൻകരയിലെത്തിയപ്പോൾ, അതാ എന്റെ ചെമ്പരത്തിയുടെ മുകളിൽ “മച്ചിഗുണ്ടൻ”. ഈ മച്ചിഗുണ്ടൻ എന്റെ ആത്മാർത്ഥ സുഹൃത്താണു. അന്നും ഇന്നും. അവനു ഈ പേരു വരാൻ കാരണം, അവനു അത്രയ്ക്ക് തടി ഉണ്ടായിരുന്നു എന്നതുതന്നെ. പക്ഷേ പാവം, എലാവരും കൂടി അവനെ അങ്ങനെ വിളിച്ച് വിളിച്ച് അവനിപ്പൊ മെലിഞ്ഞുപോയി. എന്നാലും പഴയ പേരു പൂർവ്വാദികം ശക്തിയിൽ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
       അപ്പൊ പറഞ്ഞുവന്നതു, എന്റെ ചെമ്പരത്തീടെ മുകളിൽ മച്ചിഗുണ്ടൻ.  ആ കാഴ്ച കണ്ട് എനിക്ക് സഹിച്ചില്ല. അന്നൊക്കെ അവനു ഒരു വിനോദം ഉണ്ട്, എന്നും സ്കൂൾ വിട്ട് ഞാനും അവനും ഒരുമിച്ചാണു വരുക. തോളിൽ കയ്യിട്ട് ചിരിച്ചുകളിച്ച് വരും, എന്റെ വീട് എത്താറാകുമ്പോൾ അവൻ എന്റെ മുതുകത്ത് നല്ലൊരു ഇടിയും തന്നിട്ട് ചിരിച്ചുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടിപ്പോകും. ഞാൻ കുറേ നേരം ആ ഇടവഴിയിൽ താരപ്പുറത്തിരുന്ന് കരഞ്ഞിട്ട് ഞാനും എണീറ്റ് വീട്ടിൽ‌പ്പോകും. എന്നും ഇതു തന്നെ അവസ്ഥ. എന്നാൽ അവന്റെയും എന്റെയും അരോഗ്യസ്ഥിതി കണക്കിലെടുത്ത് ഞാൻ അവനോട് ഉടക്കാനൊന്നും നിക്കില്ലായിരുന്നു.
       പക്ഷേ ഇത്തവണ എനിക്ക് സഹിച്ചില്ല, എന്റെ മാത്രം അവകാശമായിരുന്ന എന്റെ ചെമ്പരത്തിയിൽ, അവൻ കയറി ഗമയിലിരുന്നു കുതിര കളിക്കുന്നു. എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഞാൻ അലറിക്കൊണ്ട് അവന്റെ അടുത്തെത്തി, അവനെ വലിച്ചു താഴെയിട്ടു. അപ്രതീക്ഷിതമായ ആക്രമണം, അവനും ഒന്നു അന്തം വിട്ടു. അങ്ങോട്ടും ഇങ്ങോട്ടും അടിയായി. എനിക്കറിയാമായിരുന്നു അവന്റെ മുന്നിൽ ഞാൻ വെറുമൊരു ഞാഞ്ഞൂലാണെന്ന്, അന്നേരം അതൊന്നും ആലോചിച്ചില്ല. പക്ഷേ അവൻ എന്നെ എടുത്തെറിഞ്ഞു, എന്റ്റെ പുറത്തുകയറിയിരുന്നു എന്നെ എടുത്തിട്ടിടിക്കാൻ തുടങ്ങി. പെട്ടന്നാണു അവന്റെ കഴുത്തിൽ ഒരു വെള്ളി ലോക്കറ്റ് കെട്ടിയിരുന്ന കറുത്ത ചരട് ഞാൻ കണ്ടതു. ഞാൻ ആ ചരടിൽ വലിച്ചുമുറുക്കിയങ്ങ് പിടിച്ചു. കുതിരയ്ക്ക് കടിഞ്ഞാണിട്ടതുപോലെ അവൻ എന്റെ നിയന്ത്രണത്തിലായി. ആ തക്കത്തിൽ ഞാനും കൊടുത്തു കുറേ ഇടി. അപ്പോഴേക്കും അവന്റെ അമ്മയും, എന്റെ അമ്മയും നിലവിളിച്ചുകൊണ്ട് ഓടി വന്നു ഞങ്ങളെ പിടിച്ചുമാറ്റി.
      പാവം, അവന്റെ കഴുത്ത് ചരടു മുറുകി നന്നായ് ചുവന്നിരുന്നു. എല്ലാവരും വന്നു, ഞങ്ങളെ രണ്ട്പേരെയും കുറേ വഴക്ക് പറഞ്ഞു. അവസാനം അമ്മാമയും വന്നു, അമ്മാമ അവനോട് ചോദിച്ചു, “ അതു അവന്റെ ചെമ്പരത്തിയല്ലേ, നീ എന്തിനാ അതിൽ കയറിയതു” എന്ന്. അങ്ങനെ ആ ചെമ്പരത്തിയിൽ എനിക്കുള്ള അവകാശം എല്ലാവരുടെയും മുന്നിൽവച്ച് ഒന്നുകൂടി അംഗീകരിക്കപ്പെട്ടു. പിറ്റേ ദിവസവും ഞങ്ങളൊരുമിച്ച് സ്കൂളിൽ പോയി, എങ്കിലും എന്റെ ഉള്ളിന്റെയുള്ളിൽ നല്ല പേടിയുണ്ടാരിരുന്നു, ഇന്നലത്തേതിനു അവൻ പകരം വീട്ടുമോയെന്നു. പക്ഷേ ഒന്നും സംഭവിചില്ല, എന്നത്തെയും പോലെ വൈകിട്ട് ഒരുമിച്ച് തിരിച്ചും വന്നു. ഇത്തവണ അവൻ എന്റെ മുതുകത്ത് ഇടിച്ചിട്ട് ഓടിയില്ല, ഇന്നലത്തെ കഴുത്തിന്റെ വേദന മാറിയിട്ടില്ലാത്തതു കൊണ്ടാണോ എന്തൊ? പക്ഷേ പിന്നീടൊരിക്കലും നമ്മൾ തമാശയായിട്ട് പോലും അടി കൂടിയിട്ടില്ല.
       ഇന്നും ആ ചെമ്പരത്തി അവിടെ ഉണ്ട്, പക്ഷേ അതിൽ കയറി കളിക്കാനും അടികൂടാനും ഞാനും എന്റെ പ്രിയസുഹൃത്തും നാട്ടിലില്ല. വൈകുന്നേരങ്ങളിൽ പൂവു പറിച്ചു വിളക്ക് വയ്ക്കാൻ അമ്മാമയും ഇന്നു ഈ ലോകത്തില്ല

.................................................................................................................................
നന്ദി: ഈ ചിത്രം വരച്ചുതന്ന സ്നേഹചേച്ചിക്ക്.

Tuesday, 21 September 2010

ദേശാടനക്കിളി


ദേശാടനക്കിളിയായി പാറിയൊരുന്നാളെന്മനം
       ദേശാന്തരങ്ങളിലൂടെ ആകാശത്തിൻ വിശാലതയിൽ
ജാലകത്തിൻ നിഴലായ് ഒരു വെളിച്ചം കണ്ടു
      പൊന്നൊളിവിതറിയതെൻ ജീവിതത്തിന്നഗാധതയിൽ

പ്രഭാതത്തിൽ പുൽക്കൊടിവെട്ടി-
      ത്തിളങ്ങീടും, ഹിമകണമിറ്റിറ്റു വീഴുമ്പോൾ
അതെൻ ഹൃദയത്തിലാഴ്ന്നിറങ്ങി ചില്ലു-
       കൊട്ടാരത്തിനുള്ളിൽ വിടരും പുഷ്പ്പംപോൽ.

ചന്ദ്രബിംമ്പമായതെൻ ആമ്പൽപൊയ്കയില-
      തൊരു കുളിരായ് പടർന്നു
എൻ ഹൃദയമിടിപ്പിൻ വേഗം കൂടി
       എൻ രക്തധമനികൾ വലിഞ്ഞു മുറുകുമ്പോൾ

എൻ ഹൃദയമേതോ അറിയാദിക്കി
     വിശാലതയിൽ ചൂഴ്ന്നിറങ്ങുമ്പോൾ
ബാല്യത്തിൻ ചുറുചുറുക്കിലെന്താഹ്ലാദം
      ഈ കുരുന്നിൻ മുഖമെന്തു തേജസ്സ്

രുമറിഞ്ഞീലയീ നിഷ്കളങ്കഹൃദയത്തിൻ നൊമ്പരം
      ബാല്യത്തിൻ നിഷ്കളങ്കതയെന്നോ നഷ്ടമായ്
പിന്നെ കൌമാരത്തിൻ പടിവാതിൽ
      കടന്നെൻ ഹൃദയത്തിൽ പൂത്തൂ വസന്തം

കൌമാരം പളുങ്കുപാത്രം പോൽ ദു:ഖത്തിൻതിരിനീട്ടി-
     യെന്തിനോ വേണ്ടി ദാഹിച്ചു, തേങ്ങുന്നതെന്തിനെന്നറിയീല
പിന്നെ യൌവനമായ്, യൌവനത്തിലേറെ
       തുടുത്ത ജീവിതത്തിൻ ഗന്ധമറിഞ്ഞു
   
യൌവനത്തിൻ വീഥിയിലൊരിക്കലും ദു:ഖമില്ലെന്നു,
     മറ്റുജീവജാലങ്ങളറിയുന്നുവോയെൻ ഹൃദയത്തിൻ വേദന
പിന്നെ വാർദ്ധക്യമായ് ആരുമില്ലാതെ, ആശ്രയമില്ലാതെ-
     യേതോ വ്രുദ്ധസദനത്തിന്നിരുട്ടറയിൽ
     
ചിലപ്പോൾ വഴിവക്കിലല്ലങ്കിൽ
      ആശുപത്രിക്കിടക്കയിലെൻ ജീവിതം
പ്രിയജനങ്ങളരുകിലെത്തുമെന്ന വിശ്വാസത്തിൽ
       മെഴുകുതിരിവെട്ടത്തിൻ നാളമായെൻ ജീവിതം   
     
മൈക്രോസോഫ്റ്റിനുള്ളറയിൽ ലോകമൊതുങ്ങുമ്പോൾ
    ഞൊടിയിടയിൽ വിവരങ്ങൾ വിരൽതുമ്പിലെത്തുമ്പോൾ
അനുദിനം ആശകൾ വളരുന്നു
    അന്തമില്ലാതെയൊരു ദേശാടനക്കിളിയായി പാറുന്നു
.................................................................................................................................
നന്ദി: ഈ ചിത്രം വരച്ചുതന്ന സ്നേഹചേച്ചിക്ക്.
നന്ദി: ഈ ബൂലോകം കാണിച്ചു തന്ന എന്റെ പ്രിയസുഹൃത്ത് വിമലിന്.