ചിലിയിലെ ഖനിക്കുള്ളിൽ അകപ്പെട്ടുപോയ മുപ്പതിലേറെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി…
അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം. നിറയെ സ്വർണ്ണ ഖനികളും, ചെമ്പ് ഖനികളും നിറഞ്ഞ നാട്. എന്നാൽ അടുത്തിടെ ഉണ്ടായ ഒരു മലയിടിച്ചിലിൽ ഒരു ഖനിക്കുള്ളിൽ അകപ്പെട്ടുപോയ 33 മനുഷ്യജീവനുകളെ പറ്റി, നമ്മളെല്ലാവരും അറിഞ്ഞു. മലയിടിച്ചിലിൽ ഖനിക്കുള്ളിലെ എല്ലാവരും മരിച്ചുപോയി എന്നു ലോകം വിധിയെഴുതിയ 16 നാളുകൾ, എന്നാൽ പതിനേഴാം ദിവസം ലോകമറിഞ്ഞു ഖനിക്കുള്ളിലെ 33 പേരും ജീവനോടെ ഉണ്ടെന്ന്... അത്രയും ദിവസം ഖനിയിൽ കരുതിവെച്ചിരുന്ന ഭക്ഷണവും, വെള്ളവും പങ്കിട്ട് കഴിച്ച് അവർ ജീവൻ നിലനിർത്തി. ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ട്യൂബു വഴി എഴിത്തിച്ച് കൊടുത്ത ഭക്ഷണവും, വെള്ളവും അവരുടെ ജീവൻ ഇത്രയും നാൾ പിടിച്ചുനിർത്തി. ട്യൂബിൽ ഘടിപ്പിച്ച ക്യാമറ വഴി അവരെ പുറം ലോകം കണ്ടു. ഇതിനിടയിൽ അവരെ പുറത്തുകൊണ്ടുവരാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒക്കെ പരാജയപ്പെടുകയായിരുന്നു…
ഒടുവിൽ, പുതുതായി ഒരു “പേടകം” നിർമിച്ചു അത് ഖനിക്കുള്ളിൽ ഇറക്കി അതിലൂടെ ഓരോരുത്തരെയും പുറത്തുകൊണ്ട് വരുവാൻ തീരുമാനിച്ചു. അര മൈൽ താഴചയിൽ 66 സെന്റീമീറ്റർ ആരത്തിൽ തുരങ്കം ഉണ്ടാക്കി അതുവഴി വേണം പേടകം ഉള്ളിലെത്തിക്കാൻ. 33 പേർക്ക് വേണ്ടിയും 33 തവണ പേടകം ഇറക്കുകയും കയറ്റുകയും ചെയ്യണം, അങ്ങനെ വരുമ്പോൾ തുരങ്കത്തിന്റെ സൈഡ് ഇടിഞ്ഞ് വീണ്ടും അപകടസാധ്യത കൂടാം. അങ്ങനെ ഉണ്ടാവാതിരിക്കാൻ ഈ തുരങ്കത്തിൽതന്നെ അതേ അളവിൽ 93 മീറ്റർ ആഴത്തിൽ ഉരുക്ക് പൈപ്പുകൾ ഇറക്കി. അതിലൂടെ വേണം ഈ പേടകം ഉള്ളിലെത്തിക്കാൻ. പേടകവും തുരങ്കവും എല്ലാം നിർമിച്ചുകഴിഞ്ഞു. നാളെ (13/ഒക്റ്റോബർ/2010-ബുധൻ) തുടങ്ങുന്ന ഈ പരിശ്രമം എത്രത്തോളം വിജയ സാധ്യത ഉണ്ടെന്ന് ആർക്കും അറിയില്ല. കാരണം, കഷ്ടിച്ച് ഒരാൾക്ക് മാത്രം നിൽക്കാവുന്ന ‘ഫിനിക്സ്സ്‘ എന്ന് പേരിട്ടിരിക്കുന്ന പേടകത്തിൽ ഓക്സിജൻ മാസ്കും ധരിച്ചു, കുറ്റാകുറ്റിരുട്ടത്തു അരമൈലിലേറെയുള്ള ഒറ്റയ്ക്കുള്ള യാത്ര… അവർക്കെല്ലാവർക്കും അതിനുള്ള മനക്കരുത്തു നല്കണകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഇന്നു വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണു fm റേഡിയോയിൽ ഞാൻ ഈ വാർത്ത വീണ്ടും കേട്ടതു, എന്തിനോ എന്റെ കണ്ണുനിറഞ്ഞു, ഡ്രൈവിങ്ങിലായിരുന്ന ഞാൻ വണ്ടി സൈഡാക്കി കണ്ണു തുടച്ചു, കൂടെയുള്ളവർ കാര്യം അന്വേഷിച്ചു, ഞാൻ കാര്യം പറഞ്ഞു. അവന്മാർ എന്നെ കളിയാക്കി. അവർ പറഞ്ഞു, “ഖനിയിലുള്ളവർക്ക് ഭാഗ്യമുണ്ടെങ്കിൽ അവർ രക്ഷപ്പെടുമെന്നു” ഞാനാലോചിച്ചപ്പോൾ അതും ശരിയാണു. എന്നാലും നമ്മളാരും ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും കൂടി ഇല്ലാത്ത, ആ സഹോദരങ്ങൾക്ക് വേണ്ടി അവരുടെ ആശ്രിതർക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം… .................................................................................................................................