Saturday, February 19, 2011

അവൾക്കെന്നോട് പരിഭവം.


     അവൾക്കെന്നോട് പരിഭവം, കാരണംകഴിഞ്ഞ ദിവസം അവളെന്റെ മടിയിൽ കിടക്കുമ്പോൾ നമ്മുടെ സ്വകാര്യനിമിഷങ്ങളിലെപ്പോഴോ എന്റെ കൈ അറിയാതെ അവളുടെ മുഖത്തൊന്നു കൊണ്ടു. അത്യാവശ്യം ശക്തിയായി തന്നെ കൊണ്ടു. വെണമെന്നു കരുതിയതല്ല, അറിയാതെ പറ്റിപ്പോയതാണു. പക്ഷേ അതിനവൾ എന്നോടിങ്ങനെ പരിഭവിക്കണോ?...
     പാവം അവൾക്ക് നന്നായി വേദനിച്ചു കാണും, ഞാൻ കുറേ തടവിക്കൊടുത്തു. എന്നിട്ടും അവൾ എന്നൊടൊന്നും മിണ്ടണില്ല, ഞാൻ പറയുന്നതൊന്നും കേൾക്കുന്നുമില്ല. ഇതിനുമുൻപും അവളെന്നോട് പലപ്പോഴും പിണങ്ങിയിറ്റുണ്ട്. അപ്പോഴൊക്കെ ഞാൻ സ്നേഹത്തോടെ ഒന്നു തൊട്ടാൽ അവളുടെ പിണക്കമൊക്കെ മാറും. പക്ഷേ ഇത്തവണ അവൾക്ക് നന്നായി വേദനിച്ചു കാണും. അല്ലെങ്കിൽ എന്നോട് മിണ്ടാതിരിക്കില്ല. കഴിഞ്ഞ അഞ്ച് വർഷമായി എനിക്കറിയാവുന്നതല്ലെ. ദിവസങ്ങൾ കഴിയുംതോറും പ്രശ്നം വഷളായിക്കൊണ്ടിരുന്നു, ഞാൻ എന്റെ ഫ്രണ്ടിനോട് കാര്യം പറഞ്ഞു. അവൻ, അവനു പരിചയമുള്ള ഒരു ഡോക്ടരെ കാണിക്കാമെന്നു പറഞ്ഞു.
     ഇപ്പൊ പ്രശ്നം അതല്ല, അവളോടെങ്ങനെ പറയും? ഡോക്ടറെ കാണാനാണെന്നു പറഞ്ഞാൽ അവൾ വരില്ല. അതുകൊണ്ട് ഒരു ദിവസം അവളെ ഉറക്കിക്കിടത്തി, ഞാനും ഫ്രണ്ടും കൂടി ഡൊക്ടറുടെ അടുത്തെത്തി. അവൾ നല്ല ഉറക്കമായിരുന്നതിനാൽ ഡോക്ടർക്ക് പരിശോധിക്കാൻ പറ്റിയില്ല. ഉണരുന്നതു വരെ കാത്തിരുന്നു, ഉണർന്നിട്ടും അവൾ ഒന്നും മിണ്ടണില്ല, പരിശോധിക്കാനൊട്ട് സഹകരിക്കുന്നുമില്ല. ഡോക്ടർ പറഞ്ഞു അഡ്മിറ്റ് ചെയ്യണം, കുറേ ടെസ്റ്റൊക്കെ നടത്തിയാലെ കാര്യമെന്തെന്ന് അറിയാൻ പറ്റുള്ളുവെന്ന്. ഇനി ഉള്ളിൽ വല്ല ക്ഷതവും സംഭവിച്ചിറ്റുണ്ടെങ്കിൽ ഓപ്പറേഷനും വേണ്ടിവരുമെന്ന്, ഞാനാകെ തകർന്നുപോയി. എന്നാലും എന്റെ മുഖത്തുനോക്കി യാതൊരു ദയയുമില്ലാതെ അയാൾക്കെങ്ങനെ അതു പറയാൻ തോന്നി…
     അവസാനം ഫ്രണ്ടിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളെ അവിടെ അഡ്മിറ്റ് ചെയ്തിട്ട് വീട്ടിലേക്ക് മടങ്ങി. അവൾ പോയതിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല, മെയിൽ ഒന്നും നോക്കാനും പറ്റണില്ല, ബ്ലോഗൊന്നും വായിക്കാനും പറ്റണില്ല. പുതിയൊരു ഒരെണ്ണം വങ്ങാന്നു വച്ചാൽ, അവൾ കഴിഞ്ഞ അഞ്ച് വർഷമായി എന്റെ കൂടെയുള്ളതല്ലേ, എന്റെ എല്ലാ കാര്യവും അവൾക്കല്ലേ അറിയാവൂ… അവളെ പെട്ടന്നങ്ങ് കളയാനും വയ്യ. പക്ഷേ വീണ്ടും ഡോക്ടറെ വിളിച്ചപ്പൊ, അവളുടെ നില ആകെ ഗുരുതരമാണന്ന് പറഞ്ഞു. മദർബോർഡിനാത്രേ കുഴപ്പം. എന്റെ കൈ തട്ടിയതു കൊണ്ടുണ്ടായ കുഴപ്പമല്ലന്നു കേട്ടപ്പൊ കുറച്ചൊരു ആശ്വാസം. മദർബോർഡ് മാറുന്നതിനേക്കാൾ നല്ലതു പുതിയൊരെണ്ണം വാങ്ങുന്നതാ നല്ലതെന്നും അയാൾ പറഞ്ഞു. അവളെ ചെന്ന് കൂട്ടിക്കൊണ്ട് പൊയ്കോളാൻ ഇനി അവിടെ കിടത്തിയിറ്റ് കാര്യമില്ലന്ന്…
     പുതിയതു വാങ്ങിയാലെ എനിക്കിത് പൊസ്റ്റ് ചെയ്യാനും, നിങ്ങളുടെയൊക്കെ ബ്ലോഗ് വായിക്കാനും പറ്റുകയുള്ളു.
    അങ്ങനെ ഇന്നലെ പോയി പുതിയ ഒരെണ്ണം വാങ്ങി, ഇവൾ എന്നെ മനസ്സിലാക്കി വരണമെങ്കിൽ കുറച്ചു ദിവസമെടുക്കുമെന്നാ ഞാൻ കരുതിയതു. പക്ഷേ ഇവൾ വേഗം തന്നെ അടുത്തു, എന്റെ കാര്യങ്ങളൊക്കെ മനസ്സിലാക്കി. എനിക്കും ഒത്തിരി ഇഷ്ടമായി…...
.................................................................................................................................