Tuesday, October 12, 2010

ഒരിറ്റ് കണ്ണുനീരും, ഒപ്പം ഒരായിരം പ്രാർത്ഥനയും

ചിലിയിലെ ഖനിക്കുള്ളിൽ അകപ്പെട്ടുപോയ മുപ്പതിലേറെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി

        അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം. നിറയെ സ്വർണ്ണ ഖനികളും, ചെമ്പ് ഖനികളും നിറഞ്ഞ നാട്. എന്നാൽ അടുത്തിടെ ഉണ്ടായ ഒരു മലയിടിച്ചിലിൽ ഒരു ഖനിക്കുള്ളിൽ അകപ്പെട്ടുപോയ 33 മനുഷ്യജീവനുകളെ പറ്റി, നമ്മളെല്ലാവരും അറിഞ്ഞു. മലയിടിച്ചിലിൽ ഖനിക്കുള്ളിലെ എല്ലാവരും മരിച്ചുപോയി എന്നു ലോകം വിധിയെഴുതിയ 16 നാളുകൾ, എന്നാൽ പതിനേഴാം ദിവസം ലോകമറിഞ്ഞു ഖനിക്കുള്ളിലെ 33 പേരും ജീവനോടെ ഉണ്ടെന്ന്... അത്രയും ദിവസം ഖനിയിൽ കരുതിവെച്ചിരുന്ന ഭക്ഷണവും, വെള്ളവും പങ്കിട്ട് കഴിച്ച് അവർ ജീവൻ നിലനിർത്തി. ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ട്യൂബു വഴി എഴിത്തിച്ച് കൊടുത്ത ഭക്ഷണവും, വെള്ളവും അവരുടെ ജീവൻ ഇത്രയും നാൾ പിടിച്ചുനിർത്തി. ട്യൂബിൽ ഘടിപ്പിച്ച ക്യാമറ വഴി അവരെ പുറം ലോകം കണ്ടു. ഇതിനിടയിൽ അവരെ പുറത്തുകൊണ്ടുവരാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒക്കെ പരാജയപ്പെടുകയായിരുന്നു
      ഒടുവിൽ, പുതുതായി ഒരു “പേടകം” നിർമിച്ചു അത് ഖനിക്കുള്ളിൽ ഇറക്കി അതിലൂടെ ഓരോരുത്തരെയും പുറത്തുകൊണ്ട് വരുവാൻ തീരുമാനിച്ചു. അര മൈൽ താഴചയിൽ 66 സെന്റീമീറ്റർ ആരത്തിൽ തുരങ്കം ഉണ്ടാക്കി അതുവഴി വേണം പേടകം ഉള്ളിലെത്തിക്കാൻ.  33 പേർക്ക് വേണ്ടിയും 33 തവണ പേടകം ഇറക്കുകയും കയറ്റുകയും ചെയ്യണം, അങ്ങനെ വരുമ്പോൾ തുരങ്കത്തിന്റെ സൈഡ് ഇടിഞ്ഞ് വീണ്ടും അപകടസാധ്യത കൂടാം. അങ്ങനെ ഉണ്ടാവാതിരിക്കാൻ ഈ തുരങ്കത്തിൽതന്നെ അതേ അളവിൽ 93 മീറ്റർ ആഴത്തിൽ ഉരുക്ക് പൈപ്പുകൾ ഇറക്കി. അതിലൂടെ വേണം ഈ പേടകം ഉള്ളിലെത്തിക്കാൻ. പേടകവും തുരങ്കവും എല്ലാം നിർമിച്ചുകഴിഞ്ഞു. നാളെ (13/ഒക്റ്റോബർ/2010-ബുധൻ) തുടങ്ങുന്ന ഈ പരിശ്രമം എത്രത്തോളം വിജയ സാധ്യത ഉണ്ടെന്ന് ആർക്കും അറിയില്ല. കാരണം, കഷ്ടിച്ച് ഒരാൾക്ക് മാത്രം നിൽക്കാവുന്ന ‘ഫിനിക്സ്സ്‘ എന്ന് പേരിട്ടിരിക്കുന്ന പേടകത്തിൽ ഓക്സിജൻ മാസ്കും ധരിച്ചു, കുറ്റാകുറ്റിരുട്ടത്തു അരമൈലിലേറെയുള്ള ഒറ്റയ്ക്കുള്ള യാത്ര അവർക്കെല്ലാവർക്കും അതിനുള്ള മനക്കരുത്തു നല്കണകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
     ഇന്നു വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണു fm റേഡിയോയിൽ ഞാൻ ഈ വാർത്ത വീണ്ടും കേട്ടതു, എന്തിനോ എന്റെ കണ്ണുനിറഞ്ഞു, ഡ്രൈവിങ്ങിലായിരുന്ന ഞാൻ വണ്ടി സൈഡാക്കി കണ്ണു തുടച്ചു, കൂടെയുള്ളവർ കാര്യം അന്വേഷിച്ചു, ഞാൻ കാര്യം പറഞ്ഞു. അവന്മാർ എന്നെ കളിയാക്കി. അവർ പറഞ്ഞു, “ഖനിയിലുള്ളവർക്ക് ഭാഗ്യമുണ്ടെങ്കിൽ അവർ രക്ഷപ്പെടുമെന്നു” ഞാനാലോചിച്ചപ്പോൾ അതും ശരിയാണു. എന്നാലും നമ്മളാരും ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും കൂടി ഇല്ലാത്ത, ആ സഹോദരങ്ങൾക്ക് വേണ്ടി അവരുടെ ആശ്രിതർക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം
.................................................................................................................................


Saturday, October 9, 2010

C I D vs ഭീകരൻ

         കുറച്ചു നാളായി ബ്ലോഗ് വായന തലയ്ക്ക് പിടിച്ചു നടക്കുന്ന ഞാൻ, എന്തെങ്കിലും എഴുതിയാലോ എന്നുകൂടി ഏതോ ഒരു ദുർബലനിമിഷത്തിൽ ചിന്തിച്ചുപോയി. അങ്ങനെയാണു എന്റെ ജീവിതത്തിലെ പഴയ സംഭവങ്ങൾ ഒന്നു ചികഞ്ഞ് നോക്കിയത്. അപ്പോഴാണ് നമ്മുടെ വായാടി പറഞ്ഞപോലെ അത്ര വലിയ സംഭവങ്ങളൊന്നുമില്ലാന്ന് മനസ്സിലായത്. എന്നാപ്പിന്നെ ചെറിയ സംഭവങ്ങളങ്ങ് എഴുതിക്കളയാമെന്നു കരുതി. എങ്കിൽ പോയി ബുക്കും പേപ്പറും എറ്റുത്തിറ്റ് വാടാന്ന്, ആര്? നാട്ടിലെ ട്രാഫിക്ക് പോലീസ് അല്ല. ഒരു ഉൾവിളി! അങ്ങനെ ബുക്കും പേപ്പറും പേനയുമൊക്കെ എടുത്ത് എഴുതാൻ റെഡി ആയിട്ടിരുന്നപ്പോഴോ ചാമ്പലിൽ അഞ്ജു പറഞ്ഞപോലെ ” റൈറ്റേഴ്‌സ് ബ്ലോക്ക് “..!
“ഈശ്വരാ എന്നോടെന്തിനീ കൊടുംചതി?” എന്തെങ്കിലുമൊക്കെ എനിക്കും എഴുതാൻ പറ്റുന്നില്ലല്ലോന്ന വിഷമത്തിൽ രണ്ടെണ്ണം വിട്ടിട്ട്, (എന്ത്? പണ്ട് വായാടി കേക്കിൽ ചേർത്ത സാധനം) ഞാൻ കിടന്നുറങ്ങി.
           രാവിലെ ഏണീക്കാൻ ഇത്തിരി ഒന്നു വൈകി. ഓ സാരമില്ല, വെള്ളിയാഴ്ച്ച ആയതുകൊണ്ട് ട്രാഫിക്ക് ബ്ലോക്ക് കാണില്ലല്ലോ ഇന്നലത്തെ കെട്ട് വിട്ടില്ലേന്നൊരു സംശയം ഇല്ലാതില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വേഗം കുളിച്ച് റെഡിയായി ജോലിക്ക് പോയി.
           വെള്ളിയാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ ആരും ഇല്ല. ഇടയ്ക്കിടെ ഫയലുമായി അങ്ങോട്ടും ഇങ്ങോട്ടും പാറി നടക്കുന്ന ‘സിന്റ‘യും കൂടി ഇല്ലല്ലോന്ന വിഷമത്തിൽ ഞാൻ എന്റെ സ്ഥിരം സീറ്റിൽ ഇരുന്നു. നമ്മുടെ ബോളിവുഡിലെ പ്രീതിസിന്റ അല്ലാട്ടൊ, കുറച്ചൊക്കെ നമ്മുടെ ഭാവനയിൽ നിന്നുകൂടിയൊക്കെ ഇട്ടെടുത്താൽ ഏതാണ്ട് നമ്മുടെ പ്രീതിസിന്റയുടെ അടുത്തെത്തും ഈ ഫിലിപ്പീനി സിന്റയും. ആ, അവളും ഇല്ല. എന്നാപ്പിന്നെ ഇന്നലത്തേതിന്റെ ബാക്കി ഉറക്കം അങ്ങു തീർത്തുകളയാം എന്നുകരുതി ഞാൻ അവിടിരുന്നൊന്നു മയങ്ങി.
         പെട്ടന്നാരോ ഡോറും തള്ളിത്തുറന്ന് ഓഫീസിനകത്തേക്ക് വന്നു. ഒരു തലതെറിച്ച അറബിച്ചെക്കൻ, ഏതാണ്ട് എന്റെ പ്രായം വരും ഒരു 23-24. ഒരു ബർമുഡയും ടീഷർട്ടും തൊപ്പിയുമാണ് വേഷം. ആകെ മൊത്തത്തിൽ ഒരു ചുള്ളൻ പയ്യൻ. അവനാണെങ്കിൽ എന്റെ മുന്നിൽ വന്നുനിന്ന് സൂക്ഷിച്ചൊരു നോട്ടം. ഇവനാരെടാ, എന്ന ഭാവത്തിൽ ഞാനും. പിന്നെ അവൻ അറബിയിൽ എന്തോ ഒന്നു ചോദിച്ചു. എനിക്കാണേൽ അറബി പണ്ടേ ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അതു മൈൻഡ് ചെയ്തില്ല. പിന്നെ അവൻ ഇഗ്ലീഷിൽ ആക്കി ചോദ്യം. “ഹൂ ആർ യൂ“ന്ന്. ഹും, എന്റെ കാബിനിൽ കയറിവന്നിറ്റ് ഞാൻ ആരാണെന്നോ. തിരിച്ച് പണ്ടാരോ പറഞ്ഞപോലെ “ താനാരാണെന്നു തനിക്കറിയില്ലങ്കിൽ താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന്, അപ്പൊ തനിക്ക് ഞാൻ പറഞ്ഞ് തരാം താനാരാണെന്നും ഞാനാരാണെന്നും” എന്നു ചോദിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും, സംഗതി എന്തോ പന്തികേടുള്ളതുപോലെ തോന്നിയതുകൊണ്ട് തിരിച്ചു ഞാനും അതേ ചോദ്യം ചോദിച്ചു “ഹൂ ആർ യൂ“? അവൻ ഒരു ഐ ഡി കാർഡ് കാണിച്ചുതന്നു. അമ്മേ CID!!!.
         ഓഫീസിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട്, വെറുതേ കറണ്ട് വേസ്റ്റാക്കണ്ടല്ലോന്നു കരുതി ഞാൻ എന്റെ ടേബിളിലെ ലൈറ്റ് മാത്രം ഇട്ടിറ്റ് ഇരിക്കുകയായിരുന്നു. അല്ലാതെ ഉറങ്ങാൻ വേണ്ടി അല്ലാട്ടൊ..! എന്തോ സെക്യൂരിറ്റി അലർട്ടിന്റെ പേരിൽ എയർപോർട്ട് മുഴുവൻ ക്യാമറയിലൂടെ നോക്കുകയായിരുന്ന ഇവൻ എന്നെയും കണ്ടു. വെള്ളിയാഴ്ച്ച ദിവസം ആരുമില്ലാത്ത ഓഫീസ് റൂമിൽ ഒരുത്തൻ ഇരുട്ടത്ത് കമ്പ്യൂട്ടറും തുറന്നു വച്ച് ഇരിക്കുന്നതു കണ്ടാൽ ഏത് CID ക്കും സംശയം വരാം അതു സ്വഭാവികം. പോട്ടെ ഞാൻ ക്ഷമിച്ചു...! പക്ഷേ അവനു വീണ്ടും അറിയണം, ഞാനാരാന്നും വെള്ളിയാഴ്ച്ച എന്തിനു ഓഫീസ്സിൽ വന്നതെന്നും. ഹും.. വെള്ളിയാഴ്ച്ചയാന്നും പറഞ്ഞ് ഞങ്ങളിൽ ആരേലും ഒരാളെങ്കിലും വന്നില്ലങ്കിൽ, ഇന്ധനം കിട്ടാതെ ദുബായ് എയർപോർട്ടിലെ വിമാനങ്ങൾ മുഴുവൻ ഹർത്താൽ ആചരിക്കേണ്ടിവരുമെന്ന് ഇവനുണ്ടോ അറിയുന്നു!.
            അവനു ഞാൻ എന്റെ എയർപോർട്ട് പാസ്സ് കാണിച്ചുകൊടുത്തു, അപ്പൊ അവനതു പോരാ..! ങാഹ, അങ്ങനായാൽ കൊള്ളില്ലല്ലോ ഞാൻ പത്താക്ക കാണിച്ചുകൊടുത്തു, അതും പോരാന്നു. ഹും, ഇനി ബാക്കി ഉള്ളതു ഡ്രൈവിങ്ങ് ലൈസൻസ്സ് ആണ്, അതുവരെ അവനു ഞാൻ കാണിച്ചുകൊടുത്തു. അവനതും പോരാന്ന്, എന്റെ “എമിറേറ്റ്സ്സ് ഐ ഡി” കാണണമെന്ന്. വൃത്തികെട്ടവൻ!!! പണ്ഡാരടങ്ങാൻ, എന്റെ കമ്പനി ഇതുവരെ ആ സാധനം എടുത്തും തന്നിട്ടില്ല. സ്വന്തമായിറ്റ് പോയി എടുക്കാൻ അറിയാഞ്ഞിറ്റല്ല, എന്റെ കയ്യിലെ കാശ് കൊടുത്ത് എന്റെ പട്ടി ഏടുക്കും, ഹും
          എന്തായാലും സംഗതി വഷളായി, അവൻ സ്നേഹത്തോടെ എന്റെ തോളിൽ കൈയ്യിട്ട് കൂട്ടികൊണ്ട് പോയി എയർപോർട്ടിലെ പോലീസ്സ് ഓഫീസിലേക്ക്. എന്നിട്ട് പറയുവാ, “ഭീകരൻ” എയർപോർട്ടിൽ നുഴഞ്ഞുകയറിയതാന്ന്, ഈ പാവം എന്നെ അവൻ ഭീകരനാക്കി. പിന്നെ ആകെയൊരു ബഹളമായിരുന്നു. എന്റെ പത്താക്ക ചെക്ക് ചെയ്യുന്നു എയർപോർട്ടിലെ പാസ്സ് ചെക്ക് ചെയുന്നു,,, ആകെ ബഹളം. അഞ്ച് മിനിട്ട് കഴിഞ്ഞില്ല, പുറത്തു അവന്മാരുടെ വണ്ടിയും വന്നു. പറയാതിരിക്കാൻ വയ്യ, നല്ല സൂപ്പർ വണ്ടി. പുറത്തുനിന്ന് നോക്കുമ്പൊ ഒരു സാധാരണ fj ക്രൂയിസ്സർ, അകത്തുകേറിയപ്പൊഴോ എന്താ ഒരു സെറ്റപ്പ്!!! വിമാനത്തിലെ കോക്പിറ്റിനുപോലും ഉണ്ടാവില്ല ഇത്ര സെറ്റപ്പ് എന്നു തോന്നി. പെട്ടന്നു എന്നെയുംകൊണ്ട് നിലവിളിച്ചുകൊണ്ടോടി, ആ ക്രൂയിസ്സർ. കൂടെ ആ ചുള്ളനും. മൂന്നേ മൂന്ന് മിനിറ്റ്, എത്തി ദുബൈ പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസ്സ്. എന്നെ കൂട്ടിക്കൊണ്ട് പോകാൻ അവിടെ വേറെ മൂന്നാല് ചേട്ടന്മാർ യൂണിഫോമും തൊപ്പിയുമൊക്കെ ധരിച്ചു നില്പുണ്ടായിരുന്നു.
           ഏതോ അന്താരാഷ്ട്ര ഭീകരനെ കൊണ്ടുപോകുന്ന പോലെ എന്നെ കൊണ്ടുപോയി അവരുടെ ഓഫീസ്സിൽ ഇരുത്തി. ഭാഗ്യം, നാട്ടിലെ പോലീസ് സ്റ്റേഷനിലെപ്പോലെ ഉടുതുണി ഉരിഞ്ഞ്, അടിവസ്ത്രത്തിൽ നിർത്തുന്ന പരിപാടി ഇവിടെ ഇല്ലാന്നു തോന്നുന്നു. നാട്ടിലേത് പറഞ്ഞുകേട്ടുള്ള അറിവാണെ...! പിന്നെ ഒരു റൂമിൽ കൊണ്ട്പോയി ഫുൾബോഡി സ്കാനിങ്ങ്. ആയുദം വല്ലതും ഉണ്ടോന്ന് നോക്കിയതാണത്രേ! വല്ലതും കണ്ടോ ആവൊ?! തിരിച്ചുകൊണ്ടിരുത്തി, ആരെയെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ പറയാൻ പറഞ്ഞ് ഒരു ഫോണും തന്നു. എന്റെ ഫോണൊക്കെ അവന്മാരുടെ കയ്യിലാ,,,
           വെള്ളിയാഴ്ച്ച ആയിട്ട് ഭാര്യയേയും കൊച്ചുങ്ങളേയും കളിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ബോസ്സിനെ വിളിച്ചു കാര്യം പറഞ്ഞു, ബോസ്സും എത്തി സ്റ്റേഷനിൽ. അപ്പോഴേക്കും ഞാനെന്ന ഭീകരന്റെ ഇല്ലാത്ത കേസ്സിന്റെ ഫയലും റെഡി ആയിക്കഴിഞ്ഞു. ഫയൽ ക്ലോസ്സ് ചെയ്യാൻ എന്റെയും ബോസ്സിന്റെയും ഒപ്പ് മാത്രം പോരത്രേ, സ്പോൺസറും വേണമെന്ന്. ആ പാവം അപ്പൂപ്പനാണങ്കിൽ അങ്ങ് അബുദാബിയിലും. ബോസ്സ് വിളിച്ചു കാര്യം പറഞ്ഞു. അയാളിങ്ങെത്തണമെങ്കിൽ എങ്ങനെ പോയാലും 2 മണിക്കൂർ വേണ്ടിവരും. ഹൊ, അപ്പൊ അതുവരെയും ഒന്നും കഴിക്കാതെ ഇവിടെ ഇങ്ങനെ ഇരിക്കണമല്ലോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഒരു യൂണിഫോമിട്ട ചേട്ടൻ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. അവർ തെന്നെ വിളംബിത്തന്നു, അവരുടെ കൂടെ ഇരുന്നുതന്നെ കഴിക്കുകയും ചെയ്തു, ഭക്ഷണകാര്യത്തിൽ അറബികളെ സമ്മതിക്കണം. നല്ല സൂപ്പർ ബിരിയാണി
          എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വിട്ടതിനുശേഷം ഞാൻ കുറേ തിരഞ്ഞു എന്നെ ഭീകരനാക്കിയ ആ ചുള്ളനെ, പക്ഷേ കണ്ടില്ല. ഇനി ഡ്യൂട്ടി കഴിഞ്ഞോ എന്തോ? അതോ വേറെ ആരെയെങ്കിലും ഭീകരനാക്കാൻ പോയോ ആവോ? എന്തായാലും സ്പോൺസറും എത്തി, കാര്യങ്ങളൊക്കെ മംഗളമായി അവസാനിപ്പിച്ചു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. എന്തായാലും ഞാൻ ഹാപ്പി ആയി, കമ്പനിയിൽ വന്നിറ്റ് നാലഞ്ച് കൊല്ലമായെങ്കിലും നമ്മുടെ സ്പോൺസറെ കാണാൻ പറ്റിയിട്ടില്ല, കേട്ടിറ്റുണ്ട്. ഇപ്പൊ അതു നടന്നു, ഒന്നുമില്ലങ്കിലും എനിക്ക് ശമ്പളം തരുന്ന ആളല്ലേ ഞങ്ങൾ ബോസ്സിന്റെ വണ്ടിയിൽ കയറിയിരുന്നു, സംഭവിച്ചതൊക്കെ ഒന്നൂടെ പറഞ്ഞ് കൊടുത്തു, ഞാൻ നമ്മുടെ മലയാളത്തിൽ ബോസ്സിനും, ബോസ്സ് അറബിയിൽ സ്പോൺസറിനും. പറഞ്ഞുകഴിഞ്ഞപ്പൊ സ്പോൺസറപ്പൂപ്പൻ എന്നെ നോക്കി ഒരു ചിരി “അമ്പട ഭീകരാ”
          എന്തായാലും ഈ സംഭവം കൊണ്ട് ഒരു ഗുണമുണ്ടായി, എല്ലാവർക്കും ഉടനെ ‘എമിറേറ്റ്സ് ഐ ഡി‘ എടുത്തു കൊടുക്കാൻ പറഞ്ഞിറ്റ് സ്പോൺസർ യാത്ര പറഞ്ഞു. വണ്ടിയിൽ കയറുമ്പോൾ അയാൾ ഒന്നൂടെ നോക്കി, ‘നല്ലൊരു വെള്ളിയാഴ്ച്ച കുളമാക്കിയല്ലോടാ’ എന്ന ഭാവത്തിൽ. ‘ഞാനെന്തു ചെയ്തിറ്റാടാപ്പാ നിങ്ങളെന്നെ ഇങ്ങെനെ നോകുന്നതു’ എന്ന ഭാവത്തിൽ ഞാനും.
           ബോസ്സ് എന്നെ തിരികെ എയർപോർട്ടിൽ വിട്ടു. നേരത്തേ കഴിച്ച ബിരിയാണിയുടെ ക്ഷീണമൊന്ന് മാറാൻ വേണ്ടി ഒരു ‘റെഡ്ബുൾ‘ അടിക്കാന്നു കരുതി ഡ്യൂട്ടിഫ്രീയിലോട്ട് ചെന്നു. ദാ അവിടെ നിൽക്കുന്നു നമ്മുടെ CID ചുള്ളൻ, എന്നെ കണ്ടതും ഒരു പുളിച്ച ചിരി. ഞാനും ചിരിച്ചുകൊണ്ട് മനസ്സിൽ കരുതി “ചിരിക്കണ്ടെടാ പുല്ലെ, ഭീകരനാ ഭീകരൻ” അവൻ കരുതിയതു എന്താണോ ആവോ???
.................................................................................................................................