Saturday, 9 October 2010

C I D vs ഭീകരൻ

         കുറച്ചു നാളായി ബ്ലോഗ് വായന തലയ്ക്ക് പിടിച്ചു നടക്കുന്ന ഞാൻ, എന്തെങ്കിലും എഴുതിയാലോ എന്നുകൂടി ഏതോ ഒരു ദുർബലനിമിഷത്തിൽ ചിന്തിച്ചുപോയി. അങ്ങനെയാണു എന്റെ ജീവിതത്തിലെ പഴയ സംഭവങ്ങൾ ഒന്നു ചികഞ്ഞ് നോക്കിയത്. അപ്പോഴാണ് നമ്മുടെ വായാടി പറഞ്ഞപോലെ അത്ര വലിയ സംഭവങ്ങളൊന്നുമില്ലാന്ന് മനസ്സിലായത്. എന്നാപ്പിന്നെ ചെറിയ സംഭവങ്ങളങ്ങ് എഴുതിക്കളയാമെന്നു കരുതി. എങ്കിൽ പോയി ബുക്കും പേപ്പറും എറ്റുത്തിറ്റ് വാടാന്ന്, ആര്? നാട്ടിലെ ട്രാഫിക്ക് പോലീസ് അല്ല. ഒരു ഉൾവിളി! അങ്ങനെ ബുക്കും പേപ്പറും പേനയുമൊക്കെ എടുത്ത് എഴുതാൻ റെഡി ആയിട്ടിരുന്നപ്പോഴോ ചാമ്പലിൽ അഞ്ജു പറഞ്ഞപോലെ ” റൈറ്റേഴ്‌സ് ബ്ലോക്ക് “..!
“ഈശ്വരാ എന്നോടെന്തിനീ കൊടുംചതി?” എന്തെങ്കിലുമൊക്കെ എനിക്കും എഴുതാൻ പറ്റുന്നില്ലല്ലോന്ന വിഷമത്തിൽ രണ്ടെണ്ണം വിട്ടിട്ട്, (എന്ത്? പണ്ട് വായാടി കേക്കിൽ ചേർത്ത സാധനം) ഞാൻ കിടന്നുറങ്ങി.
           രാവിലെ ഏണീക്കാൻ ഇത്തിരി ഒന്നു വൈകി. ഓ സാരമില്ല, വെള്ളിയാഴ്ച്ച ആയതുകൊണ്ട് ട്രാഫിക്ക് ബ്ലോക്ക് കാണില്ലല്ലോ ഇന്നലത്തെ കെട്ട് വിട്ടില്ലേന്നൊരു സംശയം ഇല്ലാതില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വേഗം കുളിച്ച് റെഡിയായി ജോലിക്ക് പോയി.
           വെള്ളിയാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ ആരും ഇല്ല. ഇടയ്ക്കിടെ ഫയലുമായി അങ്ങോട്ടും ഇങ്ങോട്ടും പാറി നടക്കുന്ന ‘സിന്റ‘യും കൂടി ഇല്ലല്ലോന്ന വിഷമത്തിൽ ഞാൻ എന്റെ സ്ഥിരം സീറ്റിൽ ഇരുന്നു. നമ്മുടെ ബോളിവുഡിലെ പ്രീതിസിന്റ അല്ലാട്ടൊ, കുറച്ചൊക്കെ നമ്മുടെ ഭാവനയിൽ നിന്നുകൂടിയൊക്കെ ഇട്ടെടുത്താൽ ഏതാണ്ട് നമ്മുടെ പ്രീതിസിന്റയുടെ അടുത്തെത്തും ഈ ഫിലിപ്പീനി സിന്റയും. ആ, അവളും ഇല്ല. എന്നാപ്പിന്നെ ഇന്നലത്തേതിന്റെ ബാക്കി ഉറക്കം അങ്ങു തീർത്തുകളയാം എന്നുകരുതി ഞാൻ അവിടിരുന്നൊന്നു മയങ്ങി.
         പെട്ടന്നാരോ ഡോറും തള്ളിത്തുറന്ന് ഓഫീസിനകത്തേക്ക് വന്നു. ഒരു തലതെറിച്ച അറബിച്ചെക്കൻ, ഏതാണ്ട് എന്റെ പ്രായം വരും ഒരു 23-24. ഒരു ബർമുഡയും ടീഷർട്ടും തൊപ്പിയുമാണ് വേഷം. ആകെ മൊത്തത്തിൽ ഒരു ചുള്ളൻ പയ്യൻ. അവനാണെങ്കിൽ എന്റെ മുന്നിൽ വന്നുനിന്ന് സൂക്ഷിച്ചൊരു നോട്ടം. ഇവനാരെടാ, എന്ന ഭാവത്തിൽ ഞാനും. പിന്നെ അവൻ അറബിയിൽ എന്തോ ഒന്നു ചോദിച്ചു. എനിക്കാണേൽ അറബി പണ്ടേ ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അതു മൈൻഡ് ചെയ്തില്ല. പിന്നെ അവൻ ഇഗ്ലീഷിൽ ആക്കി ചോദ്യം. “ഹൂ ആർ യൂ“ന്ന്. ഹും, എന്റെ കാബിനിൽ കയറിവന്നിറ്റ് ഞാൻ ആരാണെന്നോ. തിരിച്ച് പണ്ടാരോ പറഞ്ഞപോലെ “ താനാരാണെന്നു തനിക്കറിയില്ലങ്കിൽ താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന്, അപ്പൊ തനിക്ക് ഞാൻ പറഞ്ഞ് തരാം താനാരാണെന്നും ഞാനാരാണെന്നും” എന്നു ചോദിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും, സംഗതി എന്തോ പന്തികേടുള്ളതുപോലെ തോന്നിയതുകൊണ്ട് തിരിച്ചു ഞാനും അതേ ചോദ്യം ചോദിച്ചു “ഹൂ ആർ യൂ“? അവൻ ഒരു ഐ ഡി കാർഡ് കാണിച്ചുതന്നു. അമ്മേ CID!!!.
         ഓഫീസിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട്, വെറുതേ കറണ്ട് വേസ്റ്റാക്കണ്ടല്ലോന്നു കരുതി ഞാൻ എന്റെ ടേബിളിലെ ലൈറ്റ് മാത്രം ഇട്ടിറ്റ് ഇരിക്കുകയായിരുന്നു. അല്ലാതെ ഉറങ്ങാൻ വേണ്ടി അല്ലാട്ടൊ..! എന്തോ സെക്യൂരിറ്റി അലർട്ടിന്റെ പേരിൽ എയർപോർട്ട് മുഴുവൻ ക്യാമറയിലൂടെ നോക്കുകയായിരുന്ന ഇവൻ എന്നെയും കണ്ടു. വെള്ളിയാഴ്ച്ച ദിവസം ആരുമില്ലാത്ത ഓഫീസ് റൂമിൽ ഒരുത്തൻ ഇരുട്ടത്ത് കമ്പ്യൂട്ടറും തുറന്നു വച്ച് ഇരിക്കുന്നതു കണ്ടാൽ ഏത് CID ക്കും സംശയം വരാം അതു സ്വഭാവികം. പോട്ടെ ഞാൻ ക്ഷമിച്ചു...! പക്ഷേ അവനു വീണ്ടും അറിയണം, ഞാനാരാന്നും വെള്ളിയാഴ്ച്ച എന്തിനു ഓഫീസ്സിൽ വന്നതെന്നും. ഹും.. വെള്ളിയാഴ്ച്ചയാന്നും പറഞ്ഞ് ഞങ്ങളിൽ ആരേലും ഒരാളെങ്കിലും വന്നില്ലങ്കിൽ, ഇന്ധനം കിട്ടാതെ ദുബായ് എയർപോർട്ടിലെ വിമാനങ്ങൾ മുഴുവൻ ഹർത്താൽ ആചരിക്കേണ്ടിവരുമെന്ന് ഇവനുണ്ടോ അറിയുന്നു!.
            അവനു ഞാൻ എന്റെ എയർപോർട്ട് പാസ്സ് കാണിച്ചുകൊടുത്തു, അപ്പൊ അവനതു പോരാ..! ങാഹ, അങ്ങനായാൽ കൊള്ളില്ലല്ലോ ഞാൻ പത്താക്ക കാണിച്ചുകൊടുത്തു, അതും പോരാന്നു. ഹും, ഇനി ബാക്കി ഉള്ളതു ഡ്രൈവിങ്ങ് ലൈസൻസ്സ് ആണ്, അതുവരെ അവനു ഞാൻ കാണിച്ചുകൊടുത്തു. അവനതും പോരാന്ന്, എന്റെ “എമിറേറ്റ്സ്സ് ഐ ഡി” കാണണമെന്ന്. വൃത്തികെട്ടവൻ!!! പണ്ഡാരടങ്ങാൻ, എന്റെ കമ്പനി ഇതുവരെ ആ സാധനം എടുത്തും തന്നിട്ടില്ല. സ്വന്തമായിറ്റ് പോയി എടുക്കാൻ അറിയാഞ്ഞിറ്റല്ല, എന്റെ കയ്യിലെ കാശ് കൊടുത്ത് എന്റെ പട്ടി ഏടുക്കും, ഹും
          എന്തായാലും സംഗതി വഷളായി, അവൻ സ്നേഹത്തോടെ എന്റെ തോളിൽ കൈയ്യിട്ട് കൂട്ടികൊണ്ട് പോയി എയർപോർട്ടിലെ പോലീസ്സ് ഓഫീസിലേക്ക്. എന്നിട്ട് പറയുവാ, “ഭീകരൻ” എയർപോർട്ടിൽ നുഴഞ്ഞുകയറിയതാന്ന്, ഈ പാവം എന്നെ അവൻ ഭീകരനാക്കി. പിന്നെ ആകെയൊരു ബഹളമായിരുന്നു. എന്റെ പത്താക്ക ചെക്ക് ചെയ്യുന്നു എയർപോർട്ടിലെ പാസ്സ് ചെക്ക് ചെയുന്നു,,, ആകെ ബഹളം. അഞ്ച് മിനിട്ട് കഴിഞ്ഞില്ല, പുറത്തു അവന്മാരുടെ വണ്ടിയും വന്നു. പറയാതിരിക്കാൻ വയ്യ, നല്ല സൂപ്പർ വണ്ടി. പുറത്തുനിന്ന് നോക്കുമ്പൊ ഒരു സാധാരണ fj ക്രൂയിസ്സർ, അകത്തുകേറിയപ്പൊഴോ എന്താ ഒരു സെറ്റപ്പ്!!! വിമാനത്തിലെ കോക്പിറ്റിനുപോലും ഉണ്ടാവില്ല ഇത്ര സെറ്റപ്പ് എന്നു തോന്നി. പെട്ടന്നു എന്നെയുംകൊണ്ട് നിലവിളിച്ചുകൊണ്ടോടി, ആ ക്രൂയിസ്സർ. കൂടെ ആ ചുള്ളനും. മൂന്നേ മൂന്ന് മിനിറ്റ്, എത്തി ദുബൈ പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസ്സ്. എന്നെ കൂട്ടിക്കൊണ്ട് പോകാൻ അവിടെ വേറെ മൂന്നാല് ചേട്ടന്മാർ യൂണിഫോമും തൊപ്പിയുമൊക്കെ ധരിച്ചു നില്പുണ്ടായിരുന്നു.
           ഏതോ അന്താരാഷ്ട്ര ഭീകരനെ കൊണ്ടുപോകുന്ന പോലെ എന്നെ കൊണ്ടുപോയി അവരുടെ ഓഫീസ്സിൽ ഇരുത്തി. ഭാഗ്യം, നാട്ടിലെ പോലീസ് സ്റ്റേഷനിലെപ്പോലെ ഉടുതുണി ഉരിഞ്ഞ്, അടിവസ്ത്രത്തിൽ നിർത്തുന്ന പരിപാടി ഇവിടെ ഇല്ലാന്നു തോന്നുന്നു. നാട്ടിലേത് പറഞ്ഞുകേട്ടുള്ള അറിവാണെ...! പിന്നെ ഒരു റൂമിൽ കൊണ്ട്പോയി ഫുൾബോഡി സ്കാനിങ്ങ്. ആയുദം വല്ലതും ഉണ്ടോന്ന് നോക്കിയതാണത്രേ! വല്ലതും കണ്ടോ ആവൊ?! തിരിച്ചുകൊണ്ടിരുത്തി, ആരെയെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ പറയാൻ പറഞ്ഞ് ഒരു ഫോണും തന്നു. എന്റെ ഫോണൊക്കെ അവന്മാരുടെ കയ്യിലാ,,,
           വെള്ളിയാഴ്ച്ച ആയിട്ട് ഭാര്യയേയും കൊച്ചുങ്ങളേയും കളിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ബോസ്സിനെ വിളിച്ചു കാര്യം പറഞ്ഞു, ബോസ്സും എത്തി സ്റ്റേഷനിൽ. അപ്പോഴേക്കും ഞാനെന്ന ഭീകരന്റെ ഇല്ലാത്ത കേസ്സിന്റെ ഫയലും റെഡി ആയിക്കഴിഞ്ഞു. ഫയൽ ക്ലോസ്സ് ചെയ്യാൻ എന്റെയും ബോസ്സിന്റെയും ഒപ്പ് മാത്രം പോരത്രേ, സ്പോൺസറും വേണമെന്ന്. ആ പാവം അപ്പൂപ്പനാണങ്കിൽ അങ്ങ് അബുദാബിയിലും. ബോസ്സ് വിളിച്ചു കാര്യം പറഞ്ഞു. അയാളിങ്ങെത്തണമെങ്കിൽ എങ്ങനെ പോയാലും 2 മണിക്കൂർ വേണ്ടിവരും. ഹൊ, അപ്പൊ അതുവരെയും ഒന്നും കഴിക്കാതെ ഇവിടെ ഇങ്ങനെ ഇരിക്കണമല്ലോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഒരു യൂണിഫോമിട്ട ചേട്ടൻ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. അവർ തെന്നെ വിളംബിത്തന്നു, അവരുടെ കൂടെ ഇരുന്നുതന്നെ കഴിക്കുകയും ചെയ്തു, ഭക്ഷണകാര്യത്തിൽ അറബികളെ സമ്മതിക്കണം. നല്ല സൂപ്പർ ബിരിയാണി
          എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വിട്ടതിനുശേഷം ഞാൻ കുറേ തിരഞ്ഞു എന്നെ ഭീകരനാക്കിയ ആ ചുള്ളനെ, പക്ഷേ കണ്ടില്ല. ഇനി ഡ്യൂട്ടി കഴിഞ്ഞോ എന്തോ? അതോ വേറെ ആരെയെങ്കിലും ഭീകരനാക്കാൻ പോയോ ആവോ? എന്തായാലും സ്പോൺസറും എത്തി, കാര്യങ്ങളൊക്കെ മംഗളമായി അവസാനിപ്പിച്ചു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. എന്തായാലും ഞാൻ ഹാപ്പി ആയി, കമ്പനിയിൽ വന്നിറ്റ് നാലഞ്ച് കൊല്ലമായെങ്കിലും നമ്മുടെ സ്പോൺസറെ കാണാൻ പറ്റിയിട്ടില്ല, കേട്ടിറ്റുണ്ട്. ഇപ്പൊ അതു നടന്നു, ഒന്നുമില്ലങ്കിലും എനിക്ക് ശമ്പളം തരുന്ന ആളല്ലേ ഞങ്ങൾ ബോസ്സിന്റെ വണ്ടിയിൽ കയറിയിരുന്നു, സംഭവിച്ചതൊക്കെ ഒന്നൂടെ പറഞ്ഞ് കൊടുത്തു, ഞാൻ നമ്മുടെ മലയാളത്തിൽ ബോസ്സിനും, ബോസ്സ് അറബിയിൽ സ്പോൺസറിനും. പറഞ്ഞുകഴിഞ്ഞപ്പൊ സ്പോൺസറപ്പൂപ്പൻ എന്നെ നോക്കി ഒരു ചിരി “അമ്പട ഭീകരാ”
          എന്തായാലും ഈ സംഭവം കൊണ്ട് ഒരു ഗുണമുണ്ടായി, എല്ലാവർക്കും ഉടനെ ‘എമിറേറ്റ്സ് ഐ ഡി‘ എടുത്തു കൊടുക്കാൻ പറഞ്ഞിറ്റ് സ്പോൺസർ യാത്ര പറഞ്ഞു. വണ്ടിയിൽ കയറുമ്പോൾ അയാൾ ഒന്നൂടെ നോക്കി, ‘നല്ലൊരു വെള്ളിയാഴ്ച്ച കുളമാക്കിയല്ലോടാ’ എന്ന ഭാവത്തിൽ. ‘ഞാനെന്തു ചെയ്തിറ്റാടാപ്പാ നിങ്ങളെന്നെ ഇങ്ങെനെ നോകുന്നതു’ എന്ന ഭാവത്തിൽ ഞാനും.
           ബോസ്സ് എന്നെ തിരികെ എയർപോർട്ടിൽ വിട്ടു. നേരത്തേ കഴിച്ച ബിരിയാണിയുടെ ക്ഷീണമൊന്ന് മാറാൻ വേണ്ടി ഒരു ‘റെഡ്ബുൾ‘ അടിക്കാന്നു കരുതി ഡ്യൂട്ടിഫ്രീയിലോട്ട് ചെന്നു. ദാ അവിടെ നിൽക്കുന്നു നമ്മുടെ CID ചുള്ളൻ, എന്നെ കണ്ടതും ഒരു പുളിച്ച ചിരി. ഞാനും ചിരിച്ചുകൊണ്ട് മനസ്സിൽ കരുതി “ചിരിക്കണ്ടെടാ പുല്ലെ, ഭീകരനാ ഭീകരൻ” അവൻ കരുതിയതു എന്താണോ ആവോ???
.................................................................................................................................


18 comments:

 1. അമ്പട ഫീകരാ..!! നീ ആളു കൊള്ളാമല്ലോ. ഡാ നല്ല പുരോഗതിയുണ്ട്. നല്ല രസകരമായ ശൈലി. പലയിടത്തും നല്ല ചിരി. കൊള്ളാം.

  ReplyDelete
 2. ഭീകരാ...രസകരമായ പോസ്റ്റ്. ലളിതമായ ഭാഷയില്‍ ആളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള വിവരണം. പല ഭാഗത്തും ചിരിച്ചു. വായാടിയുടെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് കൊടുത്തത് കലക്കി. :)

  "എന്തെങ്കിലുമൊക്കെ എനിക്കും എഴുതാൻ പറ്റുന്നില്ലല്ലോന്ന വിഷമത്തിൽ രണ്ടെണ്ണം വിട്ടിട്ട്, (എന്ത്? പണ്ട് വായാടി കേക്കിൽ ചേർത്ത സാധനം) ഞാൻ കിടന്നുറങ്ങി."

  അതുശരി കേക്കില്‍ ചേര്‍ക്കാന്‍ ഞാന്‍ വെച്ചിരുന്ന സാധനം കുറഞ്ഞു കുറഞ്ഞു വരുന്നതിന്റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്..

  ആശംസകള്‍..

  ReplyDelete
 3. ആകെ വായാടിമയമാണല്ലോ പോസ്റ്റില്‍!.പിന്നെ വായാടി പറഞ്ഞ പോലെ കേക്കില്‍ ചേര്‍ക്കുന്ന സാധനം കഴിച്ചാല്‍ ഇങ്ങനെയൊക്കെയുണ്ടാവും.അക്ഷരത്തെറ്റുകള്‍ വായിച്ചു നോക്കി തിരുത്തിയിട്ടൊക്കെ പോസ്റ്റിയാല്‍ മതി! ആക്രാന്തം വേണ്ട!ഓസിയില്‍ ബിരിയാണി കിട്ടിയല്ലെ? അപ്പോള്‍ സലിം കുമാര്‍ പറഞ്ഞപോലെ ചിലപ്പോള്‍ കിട്ടുമായിരിക്കും!. നന്നായി എഴുതി.ഇനിയും തിളങ്ങട്ടെ!

  ReplyDelete
 4. അങ്ങനെ ഓസിന് ഒരു ക്രൂയിസര്‍ യാത്രയും, ഒരു ലഞ്ചും തടഞ്ഞില്ലേ... പോരാത്തതിന് എമിരേറ്റ്സ് ഐഡിയും. നന്നായിട്ടുണ്ട് മോനെ നിന്റെ വീരകഥകള്‍..

  ReplyDelete
 5. എഴുത്തിനു ഒരു കോമഡി ടച്ചുണ്ട്. വിഷയം കോമഡിയല്ലെങ്കിലും. വായാ‍ടി പറഞ്ഞപോലെ വളരെ ലളിതമായി പറഞ്ഞു, കാര്യങ്ങൾ അത്ര ലളിതമല്ലെങ്കിലും.
  ആടിനെ പട്ടിയാക്കുന്ന കഥ നമ്മൾ എത്രയോ കേട്ടിരിക്കുന്നു. ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിൽ കൊലക്കയറിനു പാകമായ കഴുത്തായതു കൊണ്ട് മാത്രം വധശിക്ഷ വിധിക്കപ്പെട്ട നായകനെ നമ്മൾ കാണുന്നില്ലേ? ഈയിടെ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു.മതഭ്രാന്തൻ. തെരുവിലെ വേസ്റ്റ് ബക്കറ്റിൽ നിക്ഷേപിക്കപ്പെട്ട പൊതി എടുക്കുന്ന ഒരു ഭ്രാന്തന്റെ ചിത്രം ക്യാമറ പകർത്തി. അയാളെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു. ഒടുവിൽ ഭീകരനാക്കി.

  ഇത് ആഗോളതലത്തിൽ പ്രത്യേകിച്ചും സെപ്റ്റംബർ 11 നു ശേഷം വന്നു ഭവിച്ച ഒരു വലിയ പ്രതിസന്ധി. ആരും എവിടെയും എപ്പോഴും സംശയിക്കപ്പെടാം.

  മനുഷ്യലോകത്തിൽ പരസ്പരമം വച്ചുപുലർത്തുന്നത് സംശയം മാത്രമാവുന്നു.

  അതിനാൽ തന്നെ ഇതൊരൊ ഗൌരവമായ വിഷയമായിരുന്നു. വിഷയത്തെ ആ രീതിയിൽ തന്നെ എടുക്കണമായിരുന്നു.

  അന്ന്യന്റെ ഈ എഴുത്തിനു വരുന്ന കമന്റുകൾ ശ്രദ്ധിച്ചോളൂ. എല്ലാം ഇതിലെ ഫലിതത്തെ അഭിനന്ദിച്ഛുകൊണ്ടാവും. വിഷയത്തിന്റെ ഭീകരതയെ ആരും ഗൌരവത്തിലെടുക്കില്ല. അതിന്റെ പ്രശ്നം താങ്കൾ ഈ സംഭവത്തെ ഭീതിയോടെ സമീപിച്ചെങ്കിലും എഴുതിയപ്പോൾ തമാശ കലർത്തിയതാണ്.
  ലോകമ അങ്ങനെയാണ് നിസ്സാരപ്പെട്ടതെല്ലാം അതീവഗൌരവത്തോടെയും ഗൌർവപ്പെട്ടതിനെ നിസ്സാരമായ ഒരു ചിരിയോടെയും നേരിടും.
  ഒരു തരത്തിൽ അതും നല്ലതാ അല്ലേ?
  എല്ലാറ്റിലും ഒരുതരത്തിലുള്ള ‘അന്യവൽക്കരണം(alienation)'

  ReplyDelete
 6. Ellamm thamashayanello..athilonnu ithumm........,hhaaaa...,annalumm appuppanee kanan ithravaliya number irakkendiyirunnillaa...........,ee bheekarene kannan ....irakiyapole:)!!!!!.............(malayalm enhoo pbmm...)

  ReplyDelete
 7. വളരെ നന്നായി ഈ അനുഭവ കഥ,, ആശംസകള്‍

  ReplyDelete
 8. കൊള്ളാം അജീഷേ ....അപ്പോ ആ അറബി സുന്ദരന്‍ ആണല്ലേ ആ മീശ നേരെയാക്കിയത് ...?അത് എന്തായാലും നന്നായി....ഇപ്പോ ആളൊന്നു descent ആയിട്ടുണ്ട്‌ ..
  സുരേഷ് സാര്‍ പറഞ്ഞ പോലെ ഇതൊരു ഗുരുതര പ്രശ്നം തന്നെ ആണ് ...പക്ഷെ ആരെയും കുറ്റം പറയാന്‍ പറ്റില്ലാലോ ....കാലം അങ്ങനെ അല്ലെ..?
  എന്തായാലും നല്ല treatment അല്ലെ കിട്ടിയത് ...നമ്മുടെ നാട് വല്ലതും ആയിരുന്നെങ്കില്‍ ...!!

  ഭയത്തോടെ നേരിട്ട ഒരു സംഭവത്തെ നര്‍മ്മത്തോടെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ...
  നല്ല പുരോഗതിയുണ്ട് ....ആശംസകള്‍..

  ReplyDelete
 9. സത്യം പറഞ്ഞാല്‍ സുരേഷ് പറഞ്ഞതാ അതിന്റെ ശരി..
  നര്‍മത്തില്‍ ചാലിചെന്കിലും എനിക്ക് അല്പം പോലും
  ആസ്വദിക്കാന്‍ ഒത്തില്ല.ഞാന്‍ ആദ്യം വായിച്ചു തുടങ്ങി
  വേഗം അവസാനം നോക്കി.കാരണം പര്യവസാനതെപ്പറ്റി
  ഒരു ടെന്‍ഷന്‍.

  ഫ്രൈഡേ ആയിട്ടും താന്‍ രണ്ടു മണിക്കൂര് കൊണ്ട് രക്ഷപ്പെട്ടല്ലോ.അതും
  അബു ധബിയില്‍ നിന്നും അയാള്‍ എത്താനും.(കിളവന്‍ ആണ് സ്പോന്സോര്‍
  എന്ന് പതുക്കെ പറയണോ.അല്ലെങ്കില്‍ താന്‍ സണ്‍‌ഡേ കഴിയാതെ കുടുംബത്
  വരില്ലായിരുന്നു.)ഞാന്‍ ഇവരുടെ ഇടയ്ക്കു ആണ് ജീവിക്കുന്നത് തന്നെ.ബാകി
  നേരില്‍ പറയാം..ഹ..ഹ...

  പിന്നെ ചെമ്പരത്തി വായിച്ചു ആണ് ഒന്ന് ശ്വാസം നേരെ വിട്ടത്...

  ReplyDelete
 10. അപ്പോള്‍ തന്നെ കണ്ണൂരാനെ വിളിക്കാമായിരുന്നു. അല്ലെങ്കില്‍ അവന്മാരോട് 'ഞാന്‍ കണ്ണൂരാന്റെ പോസ്റ്റില്‍ നല്ല കമന്റിടുന്ന ആളാണെന്ന്' പറയാമായിരുന്നു. ഇതൊന്നും ചെയ്യാതെ അവരോടൊപ്പം പോയത് ഒട്ടും ശരിയായില്ല. (കുറഞ്ഞത്, പിടിച്ചു കൊണ്ട് പോകുമ്പോള്‍ 'പോയിനെടാ മൂരാച്ചികളെ- കല്ലിവല്ലി" എന്നെങ്കിലും പറയാമായിരുന്നു!

  (നല്ല പോസ്റ്റ്‌)
  **

  ReplyDelete
 11. bheekaran sir............quotation sweekarikkumo?? nalla post....keep it up yar!...puthiya post varumbol mail idane.....writer's block maattan valla ideayum undo???

  ReplyDelete
 12. വിഷയത്തിന്റെ ഭീകരതകുറച്ചുകൂടി ഗൌരവത്തില്‍ കാണാമായിരുന്നു,"ഭീകരന്‍മാര്‍ കൂടുകയാണെല്ലോ ദൈവമേ..,ഭീകരനാണല്ലേ?അറിഞില്ല,ഞാന്‍ പോവുകയാ: :)

  ReplyDelete
 13. @ ആളവന്താൻ:- താങ്ക്സ്ഡാ…, ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കമന്റുകളാ കിട്ടിയതു, ഒത്തിരി സന്തോഷം… എഴുതിക്കഴിഞ്ഞ ശേഷം പോസ്റ്റ് ചെയ്യണോ, വേണ്ടയോന്ന് ഒരുപാട് ചിന്തിച്ചു, പിന്നെ കരുതി ഓരോരുത്തർക്കും ഓരോ ശൈലി ആണല്ലോന്ന്…

  @ വായാടി:- നന്ദി വായാടീ…, നിങ്ങളൊക്കെ എന്തു പറയുമെന്ന് നല്ല പേടി ഉണ്ടായിരുന്നു.
  അയ്യോ..., വായാടിയുടെ കേക്കിൽ ചേർക്കാനുള്ള സാധനം കുറയുന്നതിനു ഞാനല്ലാട്ടൊ ഉത്തരവാദി. ഉം, വായാടിയുടെ ചേട്ടനെ ഒന്നു ശ്രദ്ധിച്ചോ… ;)

  @ മുഹമ്മദുകുട്ടി:- നന്ദി ഇക്കാ…, ഇതു ഇന്നലെ നടന്ന സംഭവമാണു, പെട്ടന്നു തന്നെ എഴുതാൻ തോന്നി. ഞാൻ തെറ്റൊക്കെ തിരുത്താം.

  @ ജിഷാദ്:- താങ്ക്സ ജിഷാദേട്ടാ…. പക്ഷേ ആ സമയത്ത് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല…!

  @ എൻ. ബി. സുരേഷ്:- സുരേഷേട്ടാ.., തീർച്ചയായും ഗൌരമായ വിഷയം തന്നെയായിരുന്നു. വളരെ ഭീതിയോട് കൂടി തെന്നെയാണു ഞാൻ നേരിട്ടതു, പക്ഷേ ആ ഭീതി വളരെ കുറച്ചുനേരമേ ഉണ്ടായിരുന്നുള്ളു. എന്റെ എയർപോർട്ട് പാസ്സും മറ്റും പരിശേധിച്ചു കഴിഞ്ഞപ്പൊപ്പിന്നെ അവരുടെ എന്നോടുള്ള സമീപനത്തിനു വന്ന മാറ്റം എനിക്ക് വളരെയധികം ധൈര്യം തന്നു, അപ്പോൾ മുതൽ എനിക്ക് നല്ല കൌതുകമാണ് തോന്നിയത്. പിന്നെ വെള്ളിയാഴ്ച്ച ആയതുകൊണ്ടും, വേറെ എന്തോ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും അവർ കൂടുതൽ അന്വേഷിച്ചു അത്രേ ഉള്ളു. പിന്നെ തമാശ കലർന്ന്പോയത്, എന്റെ സ്വഭാവവും കാഴ്ച്ചപ്പാടും കുറേയൊക്കെ അങ്ങനെ ആയിപ്പോയതു കൊണ്ടാവും…
  വളരെ നന്ദി.., അഭിപ്രായത്തിനും നിർദ്ദേശത്തിനും എല്ലാത്തിലുമുപരി ഈ തുടക്കക്കാരനെ പ്രോത്സാഹിപ്പിക്കുന്നതിൽ….

  @ ചില്ലു:- നമ്പർ ഞാനല്ലല്ലോ ചില്ലൂ ഇറക്കിയത്, സാഹചര്യമല്ലെ. സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരല്ലെ മനുഷ്യർ?

  @ നന്മണ്ടൻ:- വളരെ നന്ദി നന്മണ്ടൻ…

  @ സ്നേഹ:- ചേച്ചീ... ഉം, മീശ ഞാൻ ഇനിയും പിരിക്കുമേ...! ഹി ഹി ഞാൻ പണ്ടേ ഡീസന്റാ….!
  അതെ ചേച്ചീ, ഗുരുതരമായ പ്രശ്നം തന്നെ ആയിരുന്നു, പക്ഷേ ഞാൻ സുരേഷേട്ടനു കൊടുത്തമറുപടി കണ്ടില്ലെ.
  പക്ഷേ നമ്മുടെ നാട്ടിലായിരുന്നെങ്കിൽ, ഈശ്വരാ.., അതു ആലോചിക്കാൻ കൂടി വയ്യ...
  ചേച്ചീ.., ഞാൻ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് എല്ലാവരും തരുന്നത്, ഒത്തിരി നന്ദി ചേച്ചീ...

  @ വിൻസെന്റ്:- നന്ദി വിൻസെന്റേട്ടാ.., അഭിപ്രായം അറിയിച്ചതിലും, ഇതിലേ വന്നതിനും...
  പിന്നെ അപ്പൂപ്പനാണു സ്പോൺസറെന്ന് ഞാൻ പതുക്കെയല്ല പറഞ്ഞതു. അദ്ദേഹമായതുകൊണ്ടാ എനിക്ക് അന്നുതന്നെ ഇറങ്ങാൻ പറ്റിയത്, എനിക്കതു നന്നായി അറിയാം...

  @ലിന്റ:- താങ്ക്സ് ലിന്റൂ…

  @ കണ്ണൂരാൻ:- കണ്ണൂരാനെ “കല്ലിവല്ലി” എന്നു ഞാൻ അപ്പോഴേ മനസ്സിൽ കരുതിയതാ, കാരണം ഞാൻ ഭീകരനല്ലല്ലോ, ഒരു പാവമല്ലേ... ;), എന്നാലും അന്നേരം വിളിക്കാത്ത ദൈവങ്ങളില്ല...
  നന്ദി കണ്ണൂരാൻ.....

  @ അഞ്ജു:- കൊട്ടേഷൻ ഒക്കെ എടുത്തിരുന്നു പണ്ട്..., ഇപ്പൊ ഞാൻ നല്ല കുട്ടിയായി...
  പിന്നെ അഞ്ജൂ എനിക്ക് എഴുതാനൊന്നും അറിയില്ല. ഇതു ചുമ്മാ എന്തോ എഴുതി നോക്കിയതാ...
  ബ്ലോക്ക് മാറ്റാൻ ഒരു ഐഡിയ ഉണ്ട്. പണ്ട് ജയറാം “ഭാവന” ഉണരാൻ ഒരു യന്ത്രം വാങ്ങീലെ, അതൊന്നു വാങ്ങി ഉപയോഗിച്ചു നോക്കൂ...

  @ മിന്നു:- മിന്നൂ ഗൌരവത്തില്‍ തന്നെയാണ് ഞാൻ കണ്ടത്. എഴുതീപ്പൊ ഇങ്ങനെ ആ‍യിപ്പോയെന്നെ ഉള്ളൂ...
  മിന്നൂ പിണങ്ങിപ്പോവല്ലേ, ഇടയ്ക്കൊക്കെ ഇതിലേ വരൂ...

  ReplyDelete
 14. അമ്പട ഭീകരാ, ചുളുവിനു പോലിസ് ബിരിയാണി അടിച്ചു അല്ലെ ..വിളിപ്പുറത്തു വരുന്ന സ്പോൺസർ ആയതു കൊണ്ട് ഞങ്ങൾക്ക് ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞു.
  എഴുത്ത് ഇഷ്ടമായി..എല്ലാ ആശംസകളും

  ReplyDelete
 15. വായാ‍ടി പറഞ്ഞപോലെ വളരെ ലളിതമായി പറഞ്ഞു..വളരെ നന്നായി

  ReplyDelete
 16. ഗൌരവപരമായ ഒരു വിഷയം, രസകരമായി പറഞ്ഞു.
  പൊതുവേ ആളുകളോട് മൃദു സമീപനമാണ് ഇവിടുത്തെ (ദുബൈ) പോലീസുകാര്‍ക്ക്.
  അതിന്‍റെ ഫലമാവും ഭൂദീമുറ്റില്ലാതെ രക്ഷപ്പെട്ടത്.
  പൊതുവേ വെള്ളിയാഴ്ച പെട്ടാല്‍ പിന്നെ എന്തു സംഭവിച്ചാലും ഞായറാഴ്ച ആവാതെ രക്ഷപ്പെടാറില്ല. അതും സാധിച്ചു. ഏതായാലും രക്ഷ നേടാന്‍ എന്റെ പേരില്‍ നേര്‍ച്ചയാക്കിയ കോഴിയെ പെട്ടെന്ന് കൊടുത്തയാക്കുക. ഇല്ലെങ്കില്‍ ഞാന്‍ "കാളിയെ" വീടും.

  ReplyDelete
 17. @ മൻസൂർ:- നന്ദി മൻസൂറെ, ഒരുപാട് ഒരുപാട് നന്ദി... വീണ്ടും കാണാം...
  @ ലക്ഷ്മി:- ഇതു ശരിക്കും സംഭവിച്ച അന്നു തന്നെ പെട്ടെന്നു എഴുതിയതാ ചേച്ചീ.
  @ സുൽഫി:- അതെ സുൽഫി, വെള്ളിയാഴ്ചയായതുകൊണ്ട് ഇറങ്ങാൻ പറ്റില്ലാന്നാ കരുതിയതു. പക്ഷേ രക്ഷപെട്ടു. കോഴിയെ ഞാൻ നാട്ടിൽ വന്നപ്പൊ തട്ടി അകത്താക്കി.

  ReplyDelete